കൈ തട്ടി താഴെ വീണ നെയ്യപ്പം നോക്കി
അമ്മ പറഞ്ഞു കണക്കായിപ്പോയി!!
മുട്ടായി വാങ്ങാന്‍ തന്നു കാശു കളഞ്ഞു പോയപ്പോ
അച്ഛന്‍ പറഞ്ഞു കണക്കായിപ്പോയി!!
വട്ടപ്പൂജ്യം വരച്ച ഉത്തരക്കടലാസ് നോക്കി
മാഷ് പറഞ്ഞു കണക്കായിപ്പോയി!!
കണ്ണീരു കാട്ടി വാങ്ങിയ ചിത്രകഥ മഴനനഞ്ഞപ്പോ
അമ്മാവന്‍ പറഞ്ഞു കണക്കായിപ്പോയി
കടം വാങ്ങിയ പേനയിലെ മഷി തീര്‍ന്നപ്പോ
അമ്മുക്കുട്ടി പറഞ്ഞു കണക്കായിപ്പോയി
മഴിതണ്ടുരച്ചുരച്ചു ചന്തം കൂട്ടിയ സ്ലേറ്റു പൊട്ടി-
കുഞ്ഞേട്ടന്‍ ചിരിച്ചോണ്ട് ചൊല്ലി കണക്കായിപ്പോയി!!!
പ്രണയലേഖനം നോട്ടീസ് ബോര്‍ഡില്‍,
ചന്തിപോട്ടിച്ചോരവന്നപ്പോ അമ്മേയെന്നുറക്കെ കരഞ്ഞപ്പോ
പ്രിന്‍സിപ്പാള്‍ പറഞ്ഞു കണക്കായിപ്പോയി
മെല്ലെ, കുറുമ്പിന്റെ ചിരിയണിഞ്ഞു
ഒറ്റുകാരി നീലാമ്പരി ചൊല്ലി കണക്കായിപ്പോയി,
പത്തില്‍ തോറ്റപ്പോ, നാട്ടുകാരും
പിന്നെയും തോറ്റപ്പോ വീട്ടുകാരും
പിന്നെയും തോറ്റപ്പോ ആനി ടീച്ചറും
പറഞ്ഞു കണക്കായിപ്പോയി
സ്നേഹിച്ച പെണ്ണ് നാടുവിട്ടപ്പോഴും
രാമന്റെ മുഖമുള്ള കൊച്ചിനെ
കെട്ടിയ പെണ്ണ് പെറ്റിട്ടപ്പോഴും
എല്ലാരും പറഞ്ഞു കണക്കായിപ്പോയി !!
പലിശക്കാരന്റെ തൊല്ലയും ജപ്തിനോട്ടീസും
ഉറക്കം കളഞ്ഞപ്പോള്‍ ഒരു തുണ്ട് കയറില്‍
ഉത്തരത്തില്‍ ഞാന്നപ്പോഴും എല്ലാരും പറഞ്ഞിട്ടുണ്ടാവും
" കണക്കായിപ്പോയി !!!!"
ഒരടിക്കുറിപ്പ്: വഴിതെറ്റി വന്നു ഇത് വായിക്കേണ്ടി വന്ന നിങ്ങളോടെങ്കിലും എനിക്ക് പറയണ്ടേ ???
കണക്കായിപ്പോയീന്ന്........