Friday, June 8, 2012

മുഖമില്ലാത്തവള്‍..

മുന്പവള്‍ക്ക് മുഖമുണ്ടായിരുന്നു
കരിമഷി എഴുതിയ കണ്ണുകളുണ്ടായിരുന്നു
വളയമിട്ട മൂക്കിലേക്ക് ഉതിര്‍ന്നു വീഴുന്ന
ചുവന്ന സിന്ദൂരമിട്ട വിശാല നെറ്റിത്തടവും
മുഖം നോക്കാന്‍ ഒരു പൊട്ടു കണ്ണാടിയും
ചായം പുരട്ടാതെ തേന്‍ പുരട്ടിയ ചുണ്ടുകളും
കണ്ണുനീര്‍ ചുവയ്ക്കുന്ന കവിളുകളും ഉണ്ടായിരുന്നു
നാണം കൊണ്ട് തട്ടത്തിന്‍ മറയത്തേക്ക്
ഒളിക്കുന്ന പൂമുഖമാണ് എന്റെ ഓര്‍മ്മ !

ഇന്നവള്‍ക്ക്‌ മുഖമില്ല..
വെളുത്ത രണ്ടു തുടകളും കക്ഷക്കീറിലൂടെ
മുഴച്ചു കാണുന്ന വെളുത്ത മുലകളും മാത്രം
ക്യാമറ ഫ്ലാഷുകള്‍ മിന്നലുപോലെ വിതറുന്ന
നീല വെളിച്ചത്തില്‍ മുഖം പൊത്തി പൊത്തി
ഇരുളിന്റെ മറവില്‍ ഇടറുന്ന ചുവടുകള്‍..
ഇന്നവള്‍ക്ക്‌ മുഖമില്ല..
കൈപ്പത്തികളാല്‍ പൊത്തി മാത്രമാണ്
ആ മുഖം ഞാന്‍ കാണാറ് ...!!!

Label: Bangalore Mirror-il വന്ന Faceless Women എന്ന Article - നല്‍കിയ മുറിവാണിത്

Friday, June 1, 2012

സിഗരെറ്റ്‌

പലപ്പോഴും ഞാനൊരു സിഗരെറ്റ്‌ പോലെയാണ്
സ്വയം എരിഞ്ഞു തീരുമ്പോ വമിക്കുന്ന വിഷം
നിന്നെ പതിയെ കൊല്ലുമെന്നറിഞ്ഞിട്ടും നിന്റെ
വിയര്‍പ്പു പൊടിയുന്ന അധരം മുകര്‍ന്നു മുകര്‍ന്നു
ഒടുങ്ങാന്‍ കൊതിച്ചു വിരലുകള്‍ക്കിടയില്‍
ചാമ്പലാവുന്നവന്‍.. സ്വാര്‍ത്ഥന്‍ !

Monday, April 30, 2012

കഥ

കഥകള്‍ എന്തിനാണ്?
കഥ മെനയാനുള്ളതാണ്..
കഥ പറയാനുള്ളതാണ്
കഥ കേള്‍ക്കാനുള്ളതാണ്..

പക്ഷെ എന്റെ കഥ എന്താണ്
ഒരു അന്തോം കുന്തോം ഇല്ലാത്ത കഥ
ചുരുട്ടി കൂട്ടി ചവറുകോട്ടയില്‍
എറിയുവാന്‍ വേണ്ടി കയ്യില്‍ കിട്ടിയത് !!!!

മഴയും നീയും

മഴയും നീയും ഒരുപോലാണ്
ഓര്‍ക്കാപ്പുറത്താണ് പെയ്ത്..
ഒടുവില്‍ കുത്തിയൊലിച്ച്
കലങ്ങി മറിഞ്ഞ് പിന്നെ
നേര്‍ത്തു നേര്‍ത്തു വിതുമ്പി
പെയ്ത് തോര്‍ന്നാലും തോരാതെ
വീണ്ടും മരം പെയ്യും പോലെ
എങ്ങലടിച്ചും ചിണുങ്ങിയും...

Saturday, April 28, 2012

ക്ഷണം

നിനക്ക് വേണ്ടത് എന്റെ പ്രാണനെങ്കില്‍
ഹൃദയത്തിലേക്ക് നിന്നെ ക്ഷണിക്കുന്നു
നിനക്ക് വേണ്ടതെന്റെ കാഴ്ച്ചയെങ്കില്‍
എന്റെ ഇരുട്ടിലേക്ക് ഞാന്‍ ക്ഷണിക്കുന്നു
അവസാനം നീയിറങ്ങുമ്പോള്‍
കാക്കകള്‍ കൊത്തുന്നത് നോക്കാതെ
കാലിടറാതെ, കണ്ണു നനയാതെ
നീ പിന്തിരിഞ്ഞു നടക്കുമെങ്കില്‍ ....................

Tuesday, April 24, 2012

നിഴല്‍

ഞാന്‍ എപ്പോഴും നടക്കുകയായിരുന്നു
പിന്നാലെ, ചിലപ്പോ മുന്നിലൂടെ ..
പുലരിയിലും സായാന്തനങ്ങളിലും
ഇരുണ്ട ഇടനാഴികളിലും ഞാന്‍ ഒപ്പം നടന്നു
നെറ്റി പോള്ളുമ്പോ ചേര്‍ന്ന് നടന്നു...

അവള്‍ ഒരിക്കലും എന്നെ തിരിഞ്ഞു നോക്കിയില്ല
ഒരിക്കലും എന്നെ ഓര്‍മ്മിച്ചിരുന്നില്ല..
എന്നിട്ടും ഞാന്‍ ഒപ്പം നടന്നു..
നെറ്റി പോള്ളുമ്പോ ചേര്‍ന്ന് നടന്നു...
ഇരുളുമ്പോ ഞാന്‍ കരഞ്ഞു,
പിന്നെ നാളെകളില്‍ ഞാന്‍ ഓടിയടുത്തു!!
അവള്‍ക്കെന്നെ മനസിലായതെയില്ല
ഞാന്‍ വെറുമൊരു നിഴല്‍ ആയിരുന്നു !!!!

Wednesday, April 18, 2012

ഒരു പ്രേമ ലേഖനം!

എന്റെ മാത്രം ...
നിന്നോട് പറയാന്‍ എന്റെ നെഞ്ചില്‍ ഘനം തൂങ്ങുന്ന ഒരുപാട് 
കിനാവുകള്‍ ഉണ്ട്വളപ്പൊട്ടുകളുടെ ചാരുതയും മയില്‍ പീലിയുടെ നൈര്‍മല്യവും ഉള്ളവ
നിന്റെ ചിരിയില്‍ തൂങ്ങുന്ന വേദനയെ നെഞ്ചോടു ചേര്‍ത്ത് ഞാന്‍  ഉറങ്ങാതെ 
നിന്റെ നെഞ്ചിലെ താരാട്ടിനായി കാതോര്‍ത്തു കിടക്കാറുണ്ട്..
നിനക്ക് ഞാന്‍ എന്റെ ചുണ്ടില്‍ ഒരു തുള്ളി തേനിന്റെ മധുരം പോലും കരുതിയിരുന്നില്ല
തേന്‍ തേടി അലയാന്‍ ഞാന്‍ ഒരു വണ്ടായിരുന്നില്ല എന്നതാണ് സത്യം !
ഒരിക്കല്‍ നീ വരും.. എന്നാ കിനാവുകള്‍ എന്റെ കാതില്‍ മന്ത്രിച്ചപ്പോള്‍ 
ഒരു മിടിപ്പ് പോലും തെറ്റാതെ ഞാന്‍ എന്റെ നെഞ്ച് നിനക്കായി ഒഴിച്ചിട്ടു.. 
നീ വരുമെന്നും തലചായ്ച് ഉറങ്ങുമെന്നും കൊതിച്ച്...
വലം കൈ മുതല്‍ ഇടം നെഞ്ച് വരെ .. അതാണ്നമ്മള്‍ തമ്മിലുള്ള ദൂരം
പക്ഷെ അത് കാതങ്ങളോളം കാലങ്ങളോളം നമ്മളെ കാണാമറയത്തു നിര്‍ത്തി ..
ഇനി നീ വരുവോളം പടിപ്പുരയില്‍ ഞാന്‍ ഉണങ്ങി ഉണങ്ങി  ഇരിക്കണം
അതെനിക്കറിയാം .. 
പക്ഷെ നീ.. അതാണ്സത്യവും എന്റെ ജീവശ്വാസവും..
എന്റെ ഹൃദയത്തില്ന്റെ ആഴങ്ങളോളം നീയും നിന്റെ 
ഞാനറിയാത്ത മണവും ആഴ്നിരിക്കുന്നു ...
ഞാന്‍  ഞാന്‍ എന്ന സത്യത്തെ നീ അറിയുവോളം...
നീയാണെന്റെ പ്രാണന്‍ .. എന്റെ പ്രിയപ്പെട്ട പ്രണയിനി 
നിനക്കെന്റെ ശുഭരാത്രി 

Tuesday, April 10, 2012

അടയാളങ്ങള്‍!

നടപ്പാതയുടെ അറ്റത്തു പുകയുയരുന്നു..
നിന്‍റെ ശവം കത്തുന്നതിന്റെ അടയാളം.
എന്‍റെ തല നരച്ചിരിക്കുന്നു
ആത്മാവ് പുകഞ്ഞതിന്റെ അടയാളം


Thursday, March 29, 2012

പുകഞ്ഞ കൊള്ളി

ഒരിക്കല്‍ പുകഞ്ഞു പോയൊരു കൊള്ളിയാണ്..
കനലുകള്‍ നിറഞ്ഞ അടുപ്പില്‍ നിന്നും
പിന്നീടൊരിക്കലും അകത്തു കയറാനും പുകയാനും
സാധിക്കാത്ത വിധം ഇരിക്ക പിണ്ഡം വയ്ക്കപ്പെട്ടവന്‍!

Thursday, March 22, 2012

ഒരു കുന്ന്!

ഒരു കുന്നിനപ്പുറവും ഇപ്പുറവുമാണ്
ഞാനും നീയും...
ഞാന്‍ കുന്നു കയറണം പിന്നെ ഇറങ്ങണം
നിന്‍റെ അടുത്തെത്താന്‍,
നീ കുന്നു കയറണം പിന്നെ ഇറങ്ങണം 
എന്‍റെ അടുത്തെത്താന്‍ .....


നമുക്ക് ഒരുമിച്ചു കുന്നു കയറിയാലോ?
നമുക്ക് ഒരുമിച്ചു കുന്നിന്‍ നിറുകയിലെത്താം..
പക്ഷെ..
പിന്നെ നമ്മള്‍ രണ്ടു പേരും കുന്നിറങ്ങേണ്ടി വരും..!! ല്ലേ?