Thursday, April 8, 2010

നിന്നോട്...

പൊട്ടിച്ചെറിഞ്ഞ താലിയിലെന്‍റെ ചോരയും കണ്ണീരും
അടഞ്ഞ വാതിലിനപ്പുറം കരിയിലയും കരിമൂര്‍ഖനും
കെട്ടുപോയ അടുപ്പിലിപ്പോഴും ചാരവും കരിയും...
തുളസിയും  തീര്‍ഥവും വെറും നിലത്തു വീണു..

നീ,കരഞ്ഞും നനഞ്ഞും മറഞ്ഞു
നിന്‍റെ  മിഴിയും മൊഴിയും മറഞ്ഞു..
നിന്‍റെ നിറവും മണവും മറന്നു..
നിന്‍റെ ചിരിയും ചിണൂക്കവും മറന്നു..

നിന്‍റെ മന്ത്രകോടിയും പെറുമെന്നു  ചൊല്ലി നീ തന്ന
മയില്പ്പീലിത്തുണ്ടുകളും ചിതലും ചിലന്തിയും തിന്നു
നിന്‍റെ മുല ഞെട്ടിന്‍റെ നിറവും മധുരവും
 നാവിന്റെ ചവര്‍പ്പും നനവും മറന്നു.

നിന്‍റെ കുട്ടികള്‍ക്കിടാന്‍ ഞാന്‍ കരുതിയ പേരുകള്‍
തെക്കേതിലെ വിലാസിനി കടമായെടുത്തു
വളപ്പൊട്ടും മഞ്ചാടിയും ഞാനിന്നലെ
മുപ്പതു കാശിനു വിറ്റു കള്ളു കുടിച്ചിരുന്നു..

ഒരു മഴയില്‍ നനഞ്ഞതും മാനമിരുണ്ടപ്പോള്‍ 
നെഞ്ഞുരുമ്മിയ  ചൂടാല്‍ തീ കാഞ്ഞതും,
നിന്‍റെ മുലയും മുടിയും തഴുകിയുറക്കിയതും,
നിന്‍റെ കാതിനരുകില്‍ ഞാന്‍ കിതച്ചുറങ്ങിയതും..

ദുര്‍സംഗം നിമിത്തം പുഴുവരിച്ച്ച
ഓര്‍മ്മകളായി എന്‍റെ ശവം തിന്നു മയങ്ങി..
കുത്തിപ്പഴുത്ത്ത നെഞ്ചിലെന്‍റെ  പ്രാണന്‍
വെറുതെ, പിന്നെയും  ഉറങ്ങാന്‍ തുടങ്ങി!!

നിന്‍റെ മുറിയിലെ ജനാലകളില്‍ ഞാനൊരു
വെഞ്ചരിച്ച വെള്ളിക്കൊന്ത തൂക്കിയിരുന്നു..
വെളുത്തുള്ളിയും കുന്തിരിക്കവും മണക്കുന്ന
തറയില്‍ ഞാനെന്‍റെ  കാതുചേര്‍ത്ത്  കിടന്നു...

കൊലുസ്സുകിലുങ്ങാതെ നീ വരുമെന്ന് തന്നെ ഞാന്‍
രാവോടുങ്ങുവോളം ഒരു പേക്കിനാവ് കണ്ടു..
പിറ്റേന്ന് പകലുറങ്ങാതെ നിന്‍റെ വരവിനു
വരാന്തയിലും വളപ്പിലും ചുറ്റി നടന്നു..

പക്ഷെ!

അറച്ചറച്ചു നിന്ന ചന്ദ്രന്‍ മറഞ്ഞ  രാത്രി
മഞ്ഞിനൊട്ടും  കുളിരില്ലാത്ത രാത്രി
രാപ്പുള്ള് എന്നോട്  പാടാത്ത രാത്രി 
നെഞ്ചിലെ കൂടൊഴിഞ്ഞു പ്രാണനും.

വരണം എന്നുറക്കെക്കരയണം,
ചൂടാറും വരെ നിന്നെ പുണര്‍ന്നുറങ്ങണം
നീറുന്ന കണ്ണില്‍ നിന്‍റെ മുലപ്പാലോഴിക്കണം
നിന്‍റെ മുടിക്കെട്ടിലെന്‍റെ മുഖമൊളിപ്പിക്കണം!

ചവിട്ടി നില്‍ക്കാനൊരു വിരല്‍ തരാം..
നീല മറുക് ഉള്ള വലതു മുലയില്‍
നനയുമ്പോള്‍ നീറാനൊരു നഖപ്പാടു തരാം..
ശവം കൊണ്ട് പോകും മുന്‍പ് നീ വന്നെങ്കില്‍ !!!

1 comment: