Monday, December 12, 2011

ചുവടടയാളം

ഞാന്‍ മഞ്ഞിലൂടെ നടക്കുകയാണ് 
പിന്നില്‍ എന്‍റെ ചുവടടയാളം മാത്രം
അത് മാഞ്ഞു പോവും ....വേഗം !


Sunday, April 3, 2011

എഴുത്ത്

ഒരു മഴ ചെയ്യുന്ന പോലെ
ഒരു കാറ്റ് ചെയ്യുന്ന പോലെ..
ചിലപ്പോ ഒരു കടല്‍ത്തിര..
ഒരു രാത്രി..ഒരു പകല്‍..
ഒരു നൊടി .....ചെയ്യുന്ന പോലെ 
ഒരു കവിള്‍പ്പുക , ഒരിറക്ക് വിസ്കി
ഒരു ചുമ.. ഒരു തുള്ളി ക്കണ്ണുനീര്‍

നിന്റെ ജീവിതം മാറ്റിഎഴുതി
എന്റെയും...

Monday, March 14, 2011

പിന്‍ഗാമി


തലയടര്‍ന്നു,ചോര ഉണങ്ങി
മണ്ണ് പറ്റിയ കണ്ണ്, കുത്തുന്ന നോട്ടം
വടിവാള്‍ താഴെ വീണു, കയ്യ് വിറയ്ക്കുന്നു
കാലിലൊരു ചങ്ങല, ചുറ്റും ഇരുട്ട്..

ചാരം പാറിയ അടുപ്പ്, ഈച്ച വീണ കഞ്ഞി
തണുത്ത കട്ടന്‍ ചായ, നനഞ്ഞ വിറക്
ഉമ്മറത്തോരമ്മ ! ഉറങ്ങുന്ന മകന്‍
അരഭിത്തിയിലച്ച്ചന്‍, ബോധമില്ലാതെ ഭാര്യ
കണ്ണില്‍ ഓരോ കാഴ്ച, കാലിലെ ചങ്ങല
പിന്നിലൊരു വാള്‍, ഇനിയെന്റെ.. തല
ചോര.. കഞ്ഞി..അമ്മ.. ഭാര്യ..അച്ഛന്‍..... 
വാള്‍.. തലയടര്‍ന്നു,ചോര ഉണങ്ങി 
മണ്ണ് പറ്റിയ കണ്ണ്, കുത്തുന്ന നോട്ടം..

Wednesday, February 9, 2011

പേര്


ഒരിക്കല്‍ ഒരു കുഞ്ഞു സൂചികൊണ്ടെന്റെ
ഹൃദയത്തില്‍ ഞാനവളുടെ പേരെഴുതി
ഋതുക്കളേറെ കൊഴിഞ്ഞിട്ടും
അതിപ്പോഴും വേദനിക്കുന്നു!

Thursday, December 16, 2010

വിധി

നീ തൂവിക്കളഞ്ഞ സ്വപ്‌നങ്ങള്‍,
വിയര്‍ക്കാതെ  ഉറങ്ങിയ രാവുകള്‍,
നനഞ്ഞ തലയണയുടെ ഈര്‍പ്പം,
മൌനത്തിനപ്പുറം തിങ്ങിപ്പോയ വാക്കുകള്‍,
നെഞ്ചിലെ പുകക്കെട്ടു ചുമച്ച ചോര,
പാതി മുറിഞ്ഞ സ്വപ്നങ്ങളുടെ നിലവിളി,
തുള്ളിയുറഞ്ഞു നാക്കു നീട്ടി പ്രാകിപ്പോയ
തീയാട്ടം കണ്ണില്‍ കുത്തി നിറച്ച ഇരുട്ട്...
തുപ്പലിറങ്ങാതെ പഴുത്ത തൊണ്ടക്കുഴി
കുത്തിപ്പിടിച്ചു പുലഭ്യം പറഞ്ഞ ചിന്തകള്‍
തലച്ചോറു നക്കി മേല്ലെയിഴഞ്ഞിറങ്ങിയ
ഒരായിരം വെളുത്ത ചിതലുകള്‍..
ചെവീക്കായമുരുട്ടി കൂട് മെനഞ്ഞ വണ്ടുകള്‍
പഴുത്ത കണ്ണിലെ നുളയ്ക്കുന്ന പുഴുക്കള്‍..
ആഞ്ഞു വലിക്കുമ്പോള്‍ തുള വീണ അറകളിലൂടെ
ഊളിയിട്ടിറങ്ങുന്ന മെല്ലിച്ച പ്രാണന്‍,
കൂട്ടിന്നുമ്മറത്തെ തെളിയാതെ കത്തുന്ന
കരിപിടിച്ചൊരു പാട്ട വിളക്ക്..
തുള്ളല്‍ കഴിഞ്ഞു നീ.. വിയര്‍ത്ത മുഖം
തുടയ്ക്കാതെ വന്നു കേറുമ്പോള്‍
ചിലപ്പോ ഈ ബാക്കിയുള്ളതെല്ലാം
ഒരു പഴമ്പായില്‍ വെള്ള പുതച്ചിരിക്കും..
കരയാതെ, കരിമഷി കലങ്ങാതെ
കത്തിയമര്‍ന്ന കരിക്കട്ടകള്‍ക്കിടയില്‍
പാതി വേവാതെ ബാക്കിയാവുന്ന
ചൂടാറാത്ത അസ്ഥി തിരയുക..
അത് നിന്‍റെ വിധി.. ഇതു എന്റെയും!

Saturday, October 23, 2010

തോല്‍വി

മാറാപ്പു തൂങ്ങുന്ന മോഹ വേതാളവും
ഇടം കാലില്‍ ഒട്ടുന്ന മന്തിന്‍റെ ഭാരവും
പിന്നിലെക്കെന്നെ വലിച്ചു കെട്ടിയ 
ചങ്ങലക്കണ്ണിയുരഞ്ഞു  പൊട്ടിയ
കണം കാലിന്‍റെ നീറ്റലും.....

ഉത്കൃഷ്ട ജീവിതത്തലക്കനവും
പാതിയില്‍ നിറുത്തിയ സംഭോഗവേഗങ്ങളും 
കുത്തിക്കെട്ടിയ ചുണ്ടുകള്‍ക്കിടയിലെ വാക്കുകളും 
എന്നെ വീണ്ടും തോല്‍പ്പിക്കുന്നു...

വീഴാതിരിക്കാനൊരു കൈത്താങ്ങു വേണം
ഒരു ചുവടിനപ്പുറം മരണമെങ്കിലും 
ഇന്നേ ആകാശം ഇടിഞ്ഞു പതിച്ചാലും
ഒന്നുറക്കെ കരയണം!! 
നെഞ്ഞു കീറി ചോര വാര്‍ന്നു വാര്‍ന്നു
ഞാനില്ലാതാവും വരെ!

Thursday, July 29, 2010

കള്ളന്‍ !!!!

നെറ്റിയിലെ വിയര്‍പ്പു തുടച്ചു
നീറുന്ന മുലക്കണ്ണ്‍ പതിയെ ഒളിപ്പിച്ച് അവള്‍ ....
കള്ളന്‍!!!

വാതില്‍ക്കലൊരു കാല്‍പെരുമാറ്റം!!
തുണി വാരിച്ചുറ്റി വാതില്‍പ്പാളി മറഞ്ഞവള്‍
കള്ളന്‍ !!!!

Tuesday, July 27, 2010

കണക്ക്

കൈ തട്ടി താഴെ വീണ നെയ്യപ്പം നോക്കി
അമ്മ പറഞ്ഞു കണക്കായിപ്പോയി!!
മുട്ടായി വാങ്ങാന്‍ തന്നു കാശു കളഞ്ഞു പോയപ്പോ
അച്ഛന്‍ പറഞ്ഞു കണക്കായിപ്പോയി!!

വട്ടപ്പൂജ്യം വരച്ച ഉത്തരക്കടലാസ് നോക്കി
മാഷ്‌ പറഞ്ഞു കണക്കായിപ്പോയി!!
കണ്ണീരു കാട്ടി വാങ്ങിയ ചിത്രകഥ മഴനനഞ്ഞപ്പോ
അമ്മാവന്‍ പറഞ്ഞു കണക്കായിപ്പോയി

കടം വാങ്ങിയ പേനയിലെ മഷി തീര്‍ന്നപ്പോ
അമ്മുക്കുട്ടി പറഞ്ഞു കണക്കായിപ്പോയി
മഴിതണ്ടുരച്ചുരച്ചു ചന്തം കൂട്ടിയ സ്ലേറ്റു പൊട്ടി-
കുഞ്ഞേട്ടന്‍ ചിരിച്ചോണ്ട് ചൊല്ലി കണക്കായിപ്പോയി!!!

പ്രണയലേഖനം നോട്ടീസ് ബോര്‍ഡില്‍,
ചന്തിപോട്ടിച്ചോരവന്നപ്പോ അമ്മേയെന്നുറക്കെ കരഞ്ഞപ്പോ
പ്രിന്‍സിപ്പാള്‍ പറഞ്ഞു കണക്കായിപ്പോയി
മെല്ലെ, കുറുമ്പിന്റെ ചിരിയണിഞ്ഞു
ഒറ്റുകാരി നീലാമ്പരി ചൊല്ലി കണക്കായിപ്പോയി,

പത്തില്‍ തോറ്റപ്പോ, നാട്ടുകാരും
പിന്നെയും തോറ്റപ്പോ വീട്ടുകാരും
പിന്നെയും തോറ്റപ്പോ ആനി ടീച്ചറും
പറഞ്ഞു കണക്കായിപ്പോയി

സ്നേഹിച്ച പെണ്ണ് നാടുവിട്ടപ്പോഴും
രാമന്റെ മുഖമുള്ള കൊച്ചിനെ
കെട്ടിയ പെണ്ണ് പെറ്റിട്ടപ്പോഴും
എല്ലാരും പറഞ്ഞു കണക്കായിപ്പോയി !!

പലിശക്കാരന്റെ തൊല്ലയും ജപ്തിനോട്ടീസും
ഉറക്കം കളഞ്ഞപ്പോള്‍ ഒരു തുണ്ട് കയറില്‍
ഉത്തരത്തില്‍ ഞാന്നപ്പോഴും എല്ലാരും പറഞ്ഞിട്ടുണ്ടാവും
" കണക്കായിപ്പോയി !!!!"


ഒരടിക്കുറിപ്പ്: വഴിതെറ്റി വന്നു ഇത് വായിക്കേണ്ടി വന്ന നിങ്ങളോടെങ്കിലും എനിക്ക് പറയണ്ടേ ???
കണക്കായിപ്പോയീന്ന്........

Monday, June 28, 2010

മഴപ്പാറ്റ

മെല്ലെ മറന്നു നിന്‍റെ നനവും കുളിരുപൊങ്ങിയ
നനഞ്ഞ മേല്‍ച്ചുണ്ടും ഒഴുകിയിറങ്ങുന്ന സിന്ദൂരവും
കലങ്ങിയ കണ്മഷിക്കിടയിലെപിടയുന്ന നേത്രവും
നനഞ്ഞ പാവാടയും എന്നെ കൊതിയേറ്റിയ
വെളുത്ത കാലിലെ വെള്ളിക്കൊലുസ്സുകളും...

 ചെളി തേകി എന്നെ കുളിപ്പിച്ച്,  പുസ്തകക്കെട്ടു നനച്ച്‌
ചുവന്ന  പൊട്ടെന്‍റെ കവിളിലുരുമ്മി ചിരിച്ചൊരു മഴ
പോലെ പോയെങ്കിലും  ഒരാശ്വാസമേയുള്ളൂ കടമെടുക്കാന്‍..
നോവിക്കാനെങ്കിലും നീയെന്നെ പ്രണയിക്കുന്നുണ്ടല്ലോ.....

Monday, June 7, 2010

കാരണം

മണം
പണം
നിണം
പിണം!!!