Tuesday, April 24, 2012

നിഴല്‍

ഞാന്‍ എപ്പോഴും നടക്കുകയായിരുന്നു
പിന്നാലെ, ചിലപ്പോ മുന്നിലൂടെ ..
പുലരിയിലും സായാന്തനങ്ങളിലും
ഇരുണ്ട ഇടനാഴികളിലും ഞാന്‍ ഒപ്പം നടന്നു
നെറ്റി പോള്ളുമ്പോ ചേര്‍ന്ന് നടന്നു...

അവള്‍ ഒരിക്കലും എന്നെ തിരിഞ്ഞു നോക്കിയില്ല
ഒരിക്കലും എന്നെ ഓര്‍മ്മിച്ചിരുന്നില്ല..
എന്നിട്ടും ഞാന്‍ ഒപ്പം നടന്നു..
നെറ്റി പോള്ളുമ്പോ ചേര്‍ന്ന് നടന്നു...
ഇരുളുമ്പോ ഞാന്‍ കരഞ്ഞു,
പിന്നെ നാളെകളില്‍ ഞാന്‍ ഓടിയടുത്തു!!
അവള്‍ക്കെന്നെ മനസിലായതെയില്ല
ഞാന്‍ വെറുമൊരു നിഴല്‍ ആയിരുന്നു !!!!

Wednesday, April 18, 2012

ഒരു പ്രേമ ലേഖനം!

എന്റെ മാത്രം ...
നിന്നോട് പറയാന്‍ എന്റെ നെഞ്ചില്‍ ഘനം തൂങ്ങുന്ന ഒരുപാട് 
കിനാവുകള്‍ ഉണ്ട്വളപ്പൊട്ടുകളുടെ ചാരുതയും മയില്‍ പീലിയുടെ നൈര്‍മല്യവും ഉള്ളവ
നിന്റെ ചിരിയില്‍ തൂങ്ങുന്ന വേദനയെ നെഞ്ചോടു ചേര്‍ത്ത് ഞാന്‍  ഉറങ്ങാതെ 
നിന്റെ നെഞ്ചിലെ താരാട്ടിനായി കാതോര്‍ത്തു കിടക്കാറുണ്ട്..
നിനക്ക് ഞാന്‍ എന്റെ ചുണ്ടില്‍ ഒരു തുള്ളി തേനിന്റെ മധുരം പോലും കരുതിയിരുന്നില്ല
തേന്‍ തേടി അലയാന്‍ ഞാന്‍ ഒരു വണ്ടായിരുന്നില്ല എന്നതാണ് സത്യം !
ഒരിക്കല്‍ നീ വരും.. എന്നാ കിനാവുകള്‍ എന്റെ കാതില്‍ മന്ത്രിച്ചപ്പോള്‍ 
ഒരു മിടിപ്പ് പോലും തെറ്റാതെ ഞാന്‍ എന്റെ നെഞ്ച് നിനക്കായി ഒഴിച്ചിട്ടു.. 
നീ വരുമെന്നും തലചായ്ച് ഉറങ്ങുമെന്നും കൊതിച്ച്...
വലം കൈ മുതല്‍ ഇടം നെഞ്ച് വരെ .. അതാണ്നമ്മള്‍ തമ്മിലുള്ള ദൂരം
പക്ഷെ അത് കാതങ്ങളോളം കാലങ്ങളോളം നമ്മളെ കാണാമറയത്തു നിര്‍ത്തി ..
ഇനി നീ വരുവോളം പടിപ്പുരയില്‍ ഞാന്‍ ഉണങ്ങി ഉണങ്ങി  ഇരിക്കണം
അതെനിക്കറിയാം .. 
പക്ഷെ നീ.. അതാണ്സത്യവും എന്റെ ജീവശ്വാസവും..
എന്റെ ഹൃദയത്തില്ന്റെ ആഴങ്ങളോളം നീയും നിന്റെ 
ഞാനറിയാത്ത മണവും ആഴ്നിരിക്കുന്നു ...
ഞാന്‍  ഞാന്‍ എന്ന സത്യത്തെ നീ അറിയുവോളം...
നീയാണെന്റെ പ്രാണന്‍ .. എന്റെ പ്രിയപ്പെട്ട പ്രണയിനി 
നിനക്കെന്റെ ശുഭരാത്രി 

Tuesday, April 10, 2012

അടയാളങ്ങള്‍!

നടപ്പാതയുടെ അറ്റത്തു പുകയുയരുന്നു..
നിന്‍റെ ശവം കത്തുന്നതിന്റെ അടയാളം.
എന്‍റെ തല നരച്ചിരിക്കുന്നു
ആത്മാവ് പുകഞ്ഞതിന്റെ അടയാളം


Thursday, March 29, 2012

പുകഞ്ഞ കൊള്ളി

ഒരിക്കല്‍ പുകഞ്ഞു പോയൊരു കൊള്ളിയാണ്..
കനലുകള്‍ നിറഞ്ഞ അടുപ്പില്‍ നിന്നും
പിന്നീടൊരിക്കലും അകത്തു കയറാനും പുകയാനും
സാധിക്കാത്ത വിധം ഇരിക്ക പിണ്ഡം വയ്ക്കപ്പെട്ടവന്‍!

Thursday, March 22, 2012

ഒരു കുന്ന്!

ഒരു കുന്നിനപ്പുറവും ഇപ്പുറവുമാണ്
ഞാനും നീയും...
ഞാന്‍ കുന്നു കയറണം പിന്നെ ഇറങ്ങണം
നിന്‍റെ അടുത്തെത്താന്‍,
നീ കുന്നു കയറണം പിന്നെ ഇറങ്ങണം 
എന്‍റെ അടുത്തെത്താന്‍ .....


നമുക്ക് ഒരുമിച്ചു കുന്നു കയറിയാലോ?
നമുക്ക് ഒരുമിച്ചു കുന്നിന്‍ നിറുകയിലെത്താം..
പക്ഷെ..
പിന്നെ നമ്മള്‍ രണ്ടു പേരും കുന്നിറങ്ങേണ്ടി വരും..!! ല്ലേ?

Monday, December 12, 2011

ചുവടടയാളം

ഞാന്‍ മഞ്ഞിലൂടെ നടക്കുകയാണ് 
പിന്നില്‍ എന്‍റെ ചുവടടയാളം മാത്രം
അത് മാഞ്ഞു പോവും ....വേഗം !


Sunday, April 3, 2011

എഴുത്ത്

ഒരു മഴ ചെയ്യുന്ന പോലെ
ഒരു കാറ്റ് ചെയ്യുന്ന പോലെ..
ചിലപ്പോ ഒരു കടല്‍ത്തിര..
ഒരു രാത്രി..ഒരു പകല്‍..
ഒരു നൊടി .....ചെയ്യുന്ന പോലെ 
ഒരു കവിള്‍പ്പുക , ഒരിറക്ക് വിസ്കി
ഒരു ചുമ.. ഒരു തുള്ളി ക്കണ്ണുനീര്‍

നിന്റെ ജീവിതം മാറ്റിഎഴുതി
എന്റെയും...

Monday, March 14, 2011

പിന്‍ഗാമി


തലയടര്‍ന്നു,ചോര ഉണങ്ങി
മണ്ണ് പറ്റിയ കണ്ണ്, കുത്തുന്ന നോട്ടം
വടിവാള്‍ താഴെ വീണു, കയ്യ് വിറയ്ക്കുന്നു
കാലിലൊരു ചങ്ങല, ചുറ്റും ഇരുട്ട്..

ചാരം പാറിയ അടുപ്പ്, ഈച്ച വീണ കഞ്ഞി
തണുത്ത കട്ടന്‍ ചായ, നനഞ്ഞ വിറക്
ഉമ്മറത്തോരമ്മ ! ഉറങ്ങുന്ന മകന്‍
അരഭിത്തിയിലച്ച്ചന്‍, ബോധമില്ലാതെ ഭാര്യ
കണ്ണില്‍ ഓരോ കാഴ്ച, കാലിലെ ചങ്ങല
പിന്നിലൊരു വാള്‍, ഇനിയെന്റെ.. തല
ചോര.. കഞ്ഞി..അമ്മ.. ഭാര്യ..അച്ഛന്‍..... 
വാള്‍.. തലയടര്‍ന്നു,ചോര ഉണങ്ങി 
മണ്ണ് പറ്റിയ കണ്ണ്, കുത്തുന്ന നോട്ടം..

Wednesday, February 9, 2011

പേര്


ഒരിക്കല്‍ ഒരു കുഞ്ഞു സൂചികൊണ്ടെന്റെ
ഹൃദയത്തില്‍ ഞാനവളുടെ പേരെഴുതി
ഋതുക്കളേറെ കൊഴിഞ്ഞിട്ടും
അതിപ്പോഴും വേദനിക്കുന്നു!

Thursday, December 16, 2010

വിധി

നീ തൂവിക്കളഞ്ഞ സ്വപ്‌നങ്ങള്‍,
വിയര്‍ക്കാതെ  ഉറങ്ങിയ രാവുകള്‍,
നനഞ്ഞ തലയണയുടെ ഈര്‍പ്പം,
മൌനത്തിനപ്പുറം തിങ്ങിപ്പോയ വാക്കുകള്‍,
നെഞ്ചിലെ പുകക്കെട്ടു ചുമച്ച ചോര,
പാതി മുറിഞ്ഞ സ്വപ്നങ്ങളുടെ നിലവിളി,
തുള്ളിയുറഞ്ഞു നാക്കു നീട്ടി പ്രാകിപ്പോയ
തീയാട്ടം കണ്ണില്‍ കുത്തി നിറച്ച ഇരുട്ട്...
തുപ്പലിറങ്ങാതെ പഴുത്ത തൊണ്ടക്കുഴി
കുത്തിപ്പിടിച്ചു പുലഭ്യം പറഞ്ഞ ചിന്തകള്‍
തലച്ചോറു നക്കി മേല്ലെയിഴഞ്ഞിറങ്ങിയ
ഒരായിരം വെളുത്ത ചിതലുകള്‍..
ചെവീക്കായമുരുട്ടി കൂട് മെനഞ്ഞ വണ്ടുകള്‍
പഴുത്ത കണ്ണിലെ നുളയ്ക്കുന്ന പുഴുക്കള്‍..
ആഞ്ഞു വലിക്കുമ്പോള്‍ തുള വീണ അറകളിലൂടെ
ഊളിയിട്ടിറങ്ങുന്ന മെല്ലിച്ച പ്രാണന്‍,
കൂട്ടിന്നുമ്മറത്തെ തെളിയാതെ കത്തുന്ന
കരിപിടിച്ചൊരു പാട്ട വിളക്ക്..
തുള്ളല്‍ കഴിഞ്ഞു നീ.. വിയര്‍ത്ത മുഖം
തുടയ്ക്കാതെ വന്നു കേറുമ്പോള്‍
ചിലപ്പോ ഈ ബാക്കിയുള്ളതെല്ലാം
ഒരു പഴമ്പായില്‍ വെള്ള പുതച്ചിരിക്കും..
കരയാതെ, കരിമഷി കലങ്ങാതെ
കത്തിയമര്‍ന്ന കരിക്കട്ടകള്‍ക്കിടയില്‍
പാതി വേവാതെ ബാക്കിയാവുന്ന
ചൂടാറാത്ത അസ്ഥി തിരയുക..
അത് നിന്‍റെ വിധി.. ഇതു എന്റെയും!